58 ദൈവാലയദാസന്മാരും ശലോമോന്റെ ദാസന്മാരുടെ മക്കളും ആകെ മുന്നൂറ്റിത്തൊണ്ണൂറ്റിരണ്ടു.
59 തേൽമേലഹ്, തേൽ-ഹർശ, കെരൂബ്, അദ്ദാൻ, ഇമ്മേർ എന്നീ സ്ഥലങ്ങളിൽനിന്നു പുറപ്പെട്ടുവന്നവർ ഇവർ തന്നേ; എങ്കിലും തങ്ങൾ യിസ്രായേല്യർ തന്നേയോ എന്നു തങ്ങളുടെ പിതൃഭവനവും വംശവിവരവും പറവാൻ അവർക്കു കഴിഞ്ഞില്ല.
60 ദെലായാവിന്റെ മക്കൾ, തോബീയാവിന്റെ മക്കൾ, നെക്കോദയുടെ മക്കൾ ആകെ അറുനൂറ്റമ്പത്തിരണ്ടു.
61 പുരോഹിതന്മാരുടെ മക്കളിൽ ഹബയ്യാവിന്റെ മക്കൾ, ഹക്കോസിന്റെ മക്കൾ ഗിലെയാദ്യനായ ബർസില്ലായിയുടെ പുത്രിമാരിൽ ഒരുത്തിയെ വിവാഹംകഴിച്ചു അവരുടെ പേരിനാൽ വിളിക്കപ്പെട്ട ബർസില്ലായിയുടെ മക്കൾ.
62 ഇവർ തങ്ങളുടെ വംശാവലിരേഖ അന്വേഷിച്ചു; അതു കണ്ടുകിട്ടിയില്ലതാനും; അതുകൊണ്ടു അവരെ അശുദ്ധരെന്നു എണ്ണി പൌരോഹിത്യത്തിൽനിന്നു നീക്കിക്കളഞ്ഞു.
63 ഊരീമും തുമ്മീമും ഉള്ള പുരോഹിതൻ എഴുന്നേൽക്കുംവരെ അതിപരിശുദ്ധമായതു തിന്നരുതു എന്നു ദേശാധിപതി അവരോടു കല്പിച്ചു.
64 സഭ ആകെ നാല്പത്തീരായിരത്തി മുന്നൂറ്ററുപതുപേർ ആയിരുന്നു.
65 അവരുടെ ദാസീദാസന്മാരായ ഏഴായിരത്തി മുന്നൂറ്റി മുപ്പത്തേഴുപേരെ കൂടാതെ തന്നേ; അവർക്കു ഇരുനൂറു സംഗീതക്കാരും സംഗീതക്കാരത്തികളും ഉണ്ടായിരുന്നു.